പോസ്റ്റല്‍ വോട്ടില്‍ കനത്ത മത്സരം; യുഡിഎഫിന് തുടക്ക മുന്നേറ്റം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ഭാഗമായി പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ സംസ്ഥാനത്ത് കനത്ത മത്സരം തുടരുന്നു. പ്രാരംഭ സൂചനകള്‍ പ്രകാരം യുഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുന്നതായി കാണുന്നു. നിലവില്‍ 67 സീറ്റുകളില്‍ യുഡിഎഫും 55 സീറ്റുകളില്‍ എല്‍ഡിഎഫും മുന്നിലാണ്. എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ തുടക്കത്തില്‍ ലീഡ് നേടി.
അമ്പലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച്. സലാം ആദ്യ ലീഡ് നേടിയെങ്കിലും തുടര്‍ന്ന് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ജി. സുധാകരന്‍ മുന്നിലെത്തി. പിന്നീട് വീണ്ടും സലാം ലീഡ് തിരിച്ചുപിടിച്ചു. തൃത്താലയില്‍ വി.ടി. ബല്‍റാമും ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും ലീഡ് നിലനിര്‍ത്തുന്നു.
തിരുവനന്തപുരത്ത് സി.പി. ജോണ്‍ മുന്നിലാണ്. മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, കഴക്കൂട്ടത്ത് വി. മുരളീധരന്‍, പാലക്കാട് ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ എന്‍ഡിഎയ്ക്ക് തുടക്കത്തില്‍ ലീഡ് നേടി. നേമം മണ്ഡലത്തില്‍ വി. ശിവന്‍കുട്ടിയാണ് മുന്നിലുള്ളത്.
പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണനും തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലനും ലീഡ് നിലനിര്‍ത്തുന്നു. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ മുന്നിലാണ്. ചവറയില്‍ ഷിബു ബേബി ജോണ്‍ ലീഡ് ചെയ്യുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ലീഡ് നിലകള്‍ മാറിമറിഞ്ഞേക്കാമെന്നതിനാല്‍ അന്തിമഫലത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ രംഗം.




