കൊൽക്കത്തയിൽ ഡോക്ടർ ബലാത്സംഗ കൊലക്കേസിൽ നീതി ആവശ്യപ്പെട്ട് ആഗോള പ്രതിഷേധം

വാഷിംഗ്ടണ്‍: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾ ലോകമെമ്പാടും വ്യാപിച്ചു. ഇന്ത്യയിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, അമേരിക്ക ഉൾപ്പെടെ 25 രാജ്യങ്ങളിലെ 130ലധികം നഗരങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാരും സംഘങ്ങളും ഞായറാഴ്ച പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇതൊരു ആഗോള പ്രക്ഷോഭമായി മാറി.
ജപ്പാൻ, ഓസ്ട്രേലിയ, തായ്‌വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ആരംഭിച്ച പ്രതിഷേധങ്ങൾ യൂറോപ്പ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു. സ്റ്റോക്ക്ഹോമിൽ, കറുത്ത വസ്ത്രം ധരിച്ച സ്ത്രീകൾ സെർഗൽസ് ടോർഗ് സ്‌ക്വയറിൽ ഒത്തുകൂടി ബംഗാളി ഗാനങ്ങൾ ആലപിക്കുകയും, ഇന്ത്യൻ സ്ത്രീകളുടെ സുരക്ഷ ആവശ്യപ്പെട്ടും പ്രതിഷേധിച്ചു.
“യുവ ട്രെയിനി ഡോക്ടറോട് ചെയ്ത ഈ ക്രൂരകൃത്യം മനുഷ്യജീവിതത്തോടുള്ള ക്രൂരതയുടെയും അവഗണനയുടെയും ഉദാഹരണമാണ്,” എന്ന് ആഗോള പ്രതിഷേധത്തിന്റെ സംഘാടക ദീപ്തി ജെയിന്‍ പറഞ്ഞു.
31കാരിയായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആഗസ്റ്റ് 9ന് കൊലപ്പെടുകയും ഇതോടെ രാജ്യം വ്യാപക പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായും, ആർജികർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലും കേസിൽ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.




