ലോങ്ങ് ഐലന്‍ഡില്‍ 2, 4 വയസ്സുള്ള സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ചു

ലോങ്ങ് ഐലൻഡ്: ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ 2, 4 വയസ്സുള്ള സഹോദരിമാർ കുളത്തിൽ മുങ്ങിമരിച്ച ദാരുണ സംഭവത്തില്‍ നാട്ടുകാരും കുടുംബവും ദുഃഖത്തിലാണ്. ഇന്ത്യക്കാരിയായ സുധ പരിമള ഗാലിയുടെ മക്കളായ റൂത്ത് ഇവാഞ്ചലിൻ ഗാലി (4 വയസ്സും 11 മാസവും) , സെലാ ഗ്രേസ് ഗാലി (2 വയസ്സും 11 മാസവും) എന്നിവരാണ് മരിച്ചത്.
അമ്മ ഉറങ്ങിക്കിടക്കുമ്പോൾ, അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങിയ കുട്ടികള്‍ സമീപത്തെ കുളത്തിൽ വീണതാണെന്നാണ് സംശയം. ഹോൾട്സ്വിൽ, ഫെയർഫീൽഡ് ടൗൺഹൗസിന് സമീപം ഉച്ചകഴിഞ്ഞ് 3:15ന് സംഭവം നടന്നതായും സഫോക്ക് കൗണ്ടി പൊലീസ് അറിയിച്ചു.
കുട്ടികളെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ഉടൻ കുട്ടികളെ കുളത്തില്‍ കണ്ടെത്തി, പക്ഷേ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസും, എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുന്നവർ (631) 852-6392 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.




