വാഷിങ്ടൺ ∙ പാരസെറ്റമോളിന് ഓട്ടിസവുമായി ബന്ധമില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റും ശിശുരോഗവിദഗ്ധയുമായ ഡോ. സൗമ്യ സ്വാമിനാഥൻ. പാരസെറ്റമോൾ സുരക്ഷിതമാണെന്നും ഉപയോഗത്തെ കുറിച്ച് പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കി.
വേദനാശമിനിയായ ടൈലനോളിലും പാരസെറ്റമോളിലും (അസറ്റാമിനോഫെൻ) ഉള്ള ഘടകങ്ങൾ ഓട്ടിസവുമായി ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉന്നയിച്ച അവകാശവാദങ്ങൾക്ക് മറുപടിയായാണ് ഡോ. സൗമ്യയുടെ പരാമർശം. “പാരസെറ്റമോളിനെ ഓട്ടിസവുമായി ബന്ധിപ്പിക്കുന്നതിന് തെളിയിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളൊന്നും ഇല്ല,” എന്ന് എൻഡിടിവിയോട് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
പാരസെറ്റമോളിന്റെ ഫലപ്രാപ്തി തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ടെന്നും, ഏതു മരുന്നിന്റെയും ദീർഘകാല ഉപയോഗം വൃക്കകൾക്ക് കേടുപാടുകൾ വരുത്താമെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുമ്പോൾ പാരസെറ്റമോൾ സുരക്ഷിതമാണെന്നും അവർ കൂട്ടിച്ചേർത്തു. “അപകടസാധ്യതകളെക്കാൾ ഗുണങ്ങൾ കൂടുതലാണ്,” ഡോ. സൗമ്യ വ്യക്തമാക്കി.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് (FIGO) പോലും പാരസെറ്റമോൾ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നുണ്ടെന്നും, ഇത് “ഏറ്റവും സുരക്ഷിതമായ മരുന്നുകളിൽ ഒന്നാണ്” എന്നും ഡോ. സൗമ്യ ഓർമ്മിപ്പിച്ചു.














































