CrimeKeralaLatest NewsPolitics

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് ഇടക്കാല ആശ്വാസം; ശിക്ഷാവിധി മരവിപ്പിച്ചു, അപ്പീൽ ഫെബ്രുവരി 6ന്

തിരുവനന്തപുരം: തൊണ്ടിമുതൽ മോഷണക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ കീഴ്ക്കോടതിയുടെ ശിക്ഷാവിധി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചു. ആന്റണി രാജു സമർപ്പിച്ച അപ്പീൽ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. എന്നാൽ, കുറ്റക്കാരനെന്ന വിധി നിലനിൽക്കുന്നതിനാൽ എംഎൽഎ സ്ഥാനത്തുനിന്നുള്ള അയോഗ്യത തുടരുമെന്ന് കോടതി വ്യക്തമാക്കി.

അപ്പീലിൽ വിശദമായ വാദം കേൾക്കുന്നത് ഫെബ്രുവരി ആറിലേക്ക് മാറ്റിയിട്ടുണ്ട്. ലഹരിക്കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി വിദേശിയായ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതെന്നാണ് ആന്റണി രാജുവിനെതിരായ ആരോപണം. കേസിൽ അദ്ദേഹം രണ്ടാം പ്രതിയാണ്.

ജനുവരി മൂന്നിന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനും ഒന്നാം പ്രതിയായ കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സെഷൻസ് കോടതിയെ സമീപിച്ചത്.

ശിക്ഷാ കാലാവധി ഏഴ് വർഷത്തിൽ താഴെയായതിനാൽ അപ്പീൽ തീർപ്പാകുന്നതുവരെ പ്രതികൾക്ക് നേരത്തെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിലവിൽ തടവുശിക്ഷയുടെ നടപ്പാക്കൽ മരവിപ്പിച്ചെങ്കിലും, അയോഗ്യത സംബന്ധിച്ച വിഷയത്തിൽ അപ്പീൽ കോടതിയുടെ അന്തിമ വിധിയാണ് നിർണ്ണായകമാകുക. കേസിലെ തുടർ വാദപ്രതിവാദങ്ങൾ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായക സ്വാധീനം ചെലുത്തുമെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Show More

Related Articles

Back to top button