AmericaIndiaLatest NewsNewsPolitics

യുഎസ് തീരുവ പ്രഹരത്തിൻ്റെ പശ്ചാത്തലത്തിൽ രൂപ റെക്കോർഡ് തകർച്ച; ചരിത്രത്തിലാദ്യമായി 88 കടന്നു

കൊച്ചി : യുഎസിന്റെ തീരുവ നടപടികളോട് ബന്ധപ്പെട്ട ആശങ്കകൾക്കിടെ രൂപ റെക്കോർഡ് മൂല്യത്തകർച്ച നേരിട്ടു. ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 88 കടന്നപ്പോൾ ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ 61 പൈസ കൂടി ഇടിഞ്ഞതോടെ ഡോളറിന് 88.19 രൂപയായി. കഴിഞ്ഞ 3 മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന ഇടിവായ 0.65% മൂല്യമിടിവാണ് ഇന്നലെ ഉണ്ടായത്. മൂല്യം 88.30 വരെ ഇടിഞ്ഞപ്പോൾ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതോടെ രൂപയ്ക്ക് ചെറിയ കരകയറ്റം ലഭിച്ചു.

യുഎസ് തീരുവ വർധന ഇന്ത്യയുടെ മത്സരക്ഷമതയെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ഏഷ്യൻ കറൻസികൾക്കെതിരെയും രൂപ മൂല്യം ഇടിഞ്ഞു. ചൈനീസ് യുവാനെതിരെ 12.33 എന്ന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലാണ് രൂപ. ഇക്കൊല്ലം ഇതുവരെ രൂപയുടെ മൂല്യം 6% ഇടിഞ്ഞു. വിദേശ നിക്ഷേപകരുടെ പിൻമാറ്റം മൂലം ഓഹരി വിപണിയിലും സമ്മർദം വർധിച്ച് കഴിഞ്ഞ 3 വ്യാപാരദിനങ്ങളിൽ സെൻസെക്സിന് 1826 പോയിന്റ് (2.23%) നഷ്ടം സംഭവിച്ചു. വിദഗ്ധർ വിലയിരുത്തുന്നത് നിലവിലെ പ്രവണത തുടർന്നാൽ മാസങ്ങൾക്കകം രൂപ 90–92 നിരക്കിലേക്കു താഴുമെന്നതാണ്.

മൂല്യമിടിവ് പ്രവാസികൾക്കു നേട്ടമായിരിക്കുകയാണ്. അബുദാബിയിൽ ദിർഹവുമായുള്ള വിനിമയത്തിൽ രൂപ ആദ്യമായി 24 കടന്നപ്പോൾ ഖത്തർ റിയാൽ 24.22, സൗദി റിയാൽ 23.50, ഒമാൻ റിയാൽ 229.34, ബഹ്റൈൻ ദിനാർ 233.88, കുവൈത്ത് ദിനാർ 288.52 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. നാട്ടിലേക്കു പണം അയക്കാൻ ഗൾഫ് മലയാളികൾ തിരക്കേറിയ സാഹചര്യമാണ്.

എന്നാൽ ആഭ്യന്തരമായി വെല്ലുവിളികളും ഗൗരവമേറിയതാണ്. റിസർവ് ബാങ്ക് കരുതൽശേഖരത്തിൽ 423 കോടി ഡോളറിന്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നതിനാൽ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ആശ്രയിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയായി മാറും. വിദേശ കടങ്ങളുടെ തിരിച്ചടവും ചെലവേറും. പണപ്പെരുപ്പവും സ്വർണവിലയും ഉയരുമെന്നതാണ് സാധ്യത.

അതേസമയം, നടപ്പുസാമ്പത്തികവർഷം ഏപ്രിൽ–ജൂൺ പാദത്തിൽ ഇന്ത്യ 7.8% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ 5 പാദങ്ങളിൽ കണ്ടതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. കാർഷിക മേഖലയിലെ വളർച്ചയും വ്യവസായ ഉൽപാദനത്തിലെ 3.5% ഉയർച്ചയും ചേർന്നതാണ് 6.5% വളർച്ച പ്രതീക്ഷിച്ചിരുന്ന റിസർവ് ബാങ്കിന്റെ കണക്കുകൂട്ടലിനെ മറികടന്ന നേട്ടത്തിന് പിന്നിൽ.

Show More

Related Articles

Back to top button