AmericaCrimeLatest NewsNewsPolitics

ചാർളി കിർക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ 22കാരൻ കീഴടങ്ങി; എഫ്ബിഐ അന്വേഷണം പുരോഗമിക്കുന്നു

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഏറ്റവും പ്രിയപ്പെട്ട അനുയായിയും ടേണിങ് പോയിന്റ് യുഎസ്എയുടെ സിഇഒയും സഹസ്ഥാപകനുമായ ചാർളി കിർക്കിനെ (31) വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി. 22കാരനായ ടെയ്ല‍ർ റോബിൻസൺ ബന്ധുവിനൊപ്പം വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഓഫീസിൽ എത്തിയാണ് കീഴടങ്ങിയത്.

കൊലപാതകത്തിന്റെ ദൃശ്യങ്ങൾ വ്യാഴാഴ്ച പുറത്തുവന്നതോടെ അന്വേഷണം ശക്തമാക്കുകയായിരുന്നു. ഹൈ പവർ ബോൾട്ട് ആക്ഷൻ റൈഫിളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയ വെടിയുണ്ടകളുടെ മൂന്ന് കേസുകളിലും സന്ദേശങ്ങൾ എഴുതി വച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഒന്നിൽ “ഹേയ് ഫാസിസ്റ്റ്, ക്യാച്ച്”, രണ്ടാമതിൽ “ഓ ബെല്ല ചാവോ”, മൂന്നാമതിൽ “നിങ്ങളിത് വായിക്കുന്നുവെങ്കിൽ നിങ്ങളൊരു ഗേ ആണ്” എന്നിങ്ങനെയായിരുന്നു കുറിപ്പുകൾ.

കൊലപാതകിയെ പിടികൂടുന്നതിന് സഹായിക്കുന്ന വിവരങ്ങൾക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളർ വരെ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സർവകലാശാലാ ക്യാംപസിലേക്ക് ടി-ഷർട്ടും തൊപ്പിയും ധരിച്ച് പ്രവേശിക്കുന്ന ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

ഉട്ടാ വാലി സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥിയല്ലെന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം. വാഷിംഗ്ടൺ കൗണ്ടിയിലെ വിരമിച്ച ഷെരീഫാണ് 22കാരന്റെ പിതാവ്. അംഗപരിമിതർക്കായുള്ള സേവനം നൽകുന്ന കരാർ സ്ഥാപനത്തിലാണ് അമ്മ ജോലി ചെയ്യുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചാർളി കിർക്ക് സെപ്റ്റംബർ 10-ന് ഉട്ടാ വാലി സർവകലാശാലയിൽ പങ്കെടുക്കാനിരിക്കെ ഉണ്ടായ കൊലപാതകമാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചത്. പ്രതി അടുത്തിടെ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതായും, കിർക്കിന്റെ പ്രസംഗങ്ങൾ വിദ്വേഷപരമാണെന്ന് ബന്ധുവിനോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Show More

Related Articles

Back to top button