ഡൽഹി സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ: അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; അന്വേഷണം ഊർജിതം

ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നിർണായകഘട്ടത്തിലേക്ക്. സ്ഫോടന സ്ഥലത്ത് നിന്ന് അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം സ്ഥിരീകരിച്ചു. കൂടാതെ, രണ്ട് വ്യത്യസ്തതരം സ്ഫോടകവസ്തുക്കളുടെ സാമ്പിളുകളും ഉപയോഗിക്കാത്ത രണ്ട് വെടിത്തിരകളും സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കളും ഈ സ്ഫോടനത്തിൽ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയമാണ് ഇപ്പോൾ ശക്തമാകുന്നത്. എന്നാൽ മറ്റ് പദാർത്ഥങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് എഫ്എസ്എൽ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ.
പ്രധാന പ്രതിയായ ഉമർ സ്ഫോടനത്തിന് മുമ്പ് 11 മണിക്കൂർ ദില്ലിയിലുണ്ടായിരുന്നുവെന്നും, കൊണാട്ട് പ്ലേസ് പ്രദേശത്ത് ഇയാൾ പോയതായും പൊലീസ് കണ്ടെത്തി. ഫരീദാബാദിൽ നടന്ന അറസ്റ്റുകൾ അറിഞ്ഞതോടെ ഉമർ പരിഭ്രാന്തനായി എന്നാണു പൊലീസ് നിഗമനം. അതില്ലായിരുന്നുവെങ്കിൽ കൂടുതൽ വലിയ ആക്രമണം നടക്കുമായിരുന്നു എന്നും അവർ വ്യക്തമാക്കി.
സ്ഫോടന സ്ഥലത്ത് നിന്ന് ശേഖരിച്ച 40-ലധികം സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി എഫ്എസ്എൽ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഉപയോഗിക്കാത്ത വെടിത്തിരകളും തിരിച്ചറിയാത്ത സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങളും പരിശോധനയിലുണ്ട്. ലബോറട്ടറി റിപ്പോർട്ട് ലഭിച്ച ശേഷം സ്ഫോടനത്തിന്റെ സ്വഭാവവും ഉപയോഗിച്ച വസ്തുക്കളും വ്യക്തമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, എൻഐഎ അന്വേഷണം ഊർജിതമാക്കി. ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.
കശ്മീരിലെ പുൽവാമ സ്വദേശി ഡോ. ഉമർ മുഹമ്മദ് നടത്തിയ ആക്രമണം ചാവേർ ആക്രമണമല്ലെന്നാണു പ്രാഥമിക നിഗമനം. നിർമാണം പൂർത്തിയാകാത്ത ബോംബ് അസമയത്ത് പൊട്ടിത്തെറിച്ചതാകാമെന്നാണ് അന്വേഷണവൃത്തങ്ങൾ പറയുന്നത്. കാർ ഒരു ലക്ഷ്യത്തിലേക്ക് ഇടിച്ചുകയറുകയോ മനഃപൂർവ്വം ഇടിക്കുകയോ ചെയ്തിട്ടില്ലെന്നും അതിനാൽ അത് ചാവേർ ആക്രമണത്തിന്റെ മാതൃകയല്ലെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച്ച വൈകുന്നേരം ചെങ്കോട്ടയ്ക്കു സമീപം കാറിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതുവരെ 13 മരണമാണ് സ്ഥിരീകരിച്ചത്. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, പൂർണ്ണ വൈകല്യം സംഭവിച്ചവർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.




