മൂലമറ്റം വൈദ്യുതി നിലയം അടച്ചതിനാൽ നാല് ജില്ലകളിൽ ജലവിതരണം മുടങ്ങും

തൊടുപുഴ : അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറ് ജനറേറ്ററുകളും ഇന്നലെ രാത്രി ഒൻപതോടെ പ്രവർത്തനം നിർത്തി. തുടർന്ന് കുളമാവിലെ ഇൻടേക് വാൽവിന്റെ ഷട്ടർ അടച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു. പുലർച്ചെ രണ്ട് മണിയോടെ ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് പെൻസ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു. അറ്റകുറ്റപ്പണികൾ ഇന്ന് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചു.
വൈദ്യുതി നിലയം അടച്ചതിനെ തുടർന്ന് നാല് ജില്ലകളിലായി വ്യാപിച്ചിരിക്കുന്ന ശുദ്ധജല വിതരണ പദ്ധതികൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് ജല അതോറിറ്റി അറിയിച്ചു. തൊടുപുഴ നഗരത്തെയും സമീപത്തെ ഏഴ് പഞ്ചായത്തുകളെയും കൂടാതെ കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളെയും ഈ നടപടി ബാധിക്കും.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽപ്പെട്ട 18 പഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലുമാണ് ജലവിതരണ മുടക്കം പ്രതീക്ഷിക്കുന്നത്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴാനിടയുള്ളതിനാൽ, ആറിലെ ജലസ്രോതസ്സിനെ ആശ്രയിച്ചുള്ള കോട്ടയം ജില്ലയിലെ വൈക്കം മേഖലയിലും എറണാകുളത്തിലെ ചില പ്രദേശങ്ങളിലുമുള്ള ജലവിതരണം തടസ്സപ്പെടാനാണ് സാധ്യത.
മൂലമറ്റം നിലയത്തിലെ അഞ്ചും ആറും നമ്പർ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണ് പ്രവർത്തനം താൽക്കാലികമായി നിർത്തിയിരിക്കുന്നത്. പണികൾ പൂർത്തിയാകാൻ ഏകദേശം ഒരു മാസം സമയമെടുക്കുമെന്നാണ് കരുതുന്നത്.




