
അലബാമയിലെ ഗ്രാൻഡ് ബേയിൽ 12 വയസ്സുകാരനായ മകനെ ബെൽറ്റ് ഉപയോഗിച്ച് മർദിച്ചതിനെ തുടർന്ന് അധ്യാപിക റാണ്ടി നിക്കോൾ ജാക്സൺ സ്റ്റേപ്പിൾസ് (44) അറസ്റ്റിലായി. നവംബർ 16ന് രേഖപ്പെടുത്തിയ കേസിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
മൊബൈലിലെ കോട്ടേജ് ഹിൽ ക്രിസ്ത്യൻ അക്കാദമിയിലെ രണ്ടാം ഗ്രേഡ് അധ്യാപികയായ റാണ്ടിയെ, സംഭവത്തെ തുടർന്നു സ്കൂൾ അധികൃതർ പിരിച്ചുവിട്ടു. സ്കൂളിലെ മികച്ച പ്രവർത്തനം പരിഗണിച്ച് ഈ വർഷം മേയിൽ ‘ടീച്ചർ ഓഫ് ദി ഇയർ’ ബഹുമതിയും ലഭിച്ചിരുന്നു.
മകനെ മർദിക്കുന്ന ദൃശ്യം റാണ്ടിയുടെ ഇളയ മകൻ പകർത്തി 24 കാരനായ സഹോദരൻ ജാക്സൺ സ്റ്റേപ്പിൾസിന് അയച്ചതോടെയാണ് സംഭവം പുറത്തറിയപ്പെടുന്നത്. ജാക്സൺ തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വിഡിയോയിൽ കുട്ടിയുടെ നേരെ റാണ്ടി ആക്രോശിക്കുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും, കുട്ടി കരയുന്നതിനിടെ അസഭ്യം പറയുന്നതുമെല്ലാം വ്യക്തമായി കേൾക്കാം.
മാതാപിതാക്കൾക്ക് കുട്ടികളെ ശാസിക്കാനുള്ള അവകാശമുണ്ടെങ്കിലും ക്രൂരമായി ഉപദ്രവിക്കുന്നത് നിയമപരമായി അനുവദനീയമല്ലെന്ന് മൊബൈൽ കൗണ്ടി ഷെരീഫ് പോൾ ബർച്ച് വ്യക്തമാക്കി. റാണ്ടിയെ നവംബർ 19ന് 7,500 ഡോളർ ബോണ്ട് കെട്ടി ജാമ്യത്തിൽ വിട്ടു.




