കൊളംബിയയിൽ ചെറുവിമാനം തകർന്നു: എംപി ഉൾപ്പെടെ 15 പേർക്ക് ദാരുണാന്ത്യം

ബൊഗോട്ട ∙ വടക്കുകിഴക്കൻ കൊളംബിയയിൽ ചെറുവിമാനം തകർന്നു വീണ് 15 പേർ മരിച്ചു. കൊളംബിയ–വെനസ്വേല അതിർത്തിയോട് ചേർന്ന നോർത്ത് ഡി സാന്റാൻഡർ പ്രവിശ്യയിൽ ബുധനാഴ്ചയാണ് അപകടം നടന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റേന എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 13 യാത്രക്കാരും രണ്ട് ജീവനക്കാരുമുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. മരിച്ചവരിൽ കൊളംബിയൻ പാർലമെന്റ് അംഗവും ഉൾപ്പെടുന്നു.
ക്യൂകറ്റയിലെ കമിലിയോ ഡാസ വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 11.42 ഓടെ ഒക്കാനയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. എന്നാൽ പറന്നുയർന്ന് മിനിറ്റുകൾക്കകം തന്നെ എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി. പിന്നീട് വനപ്രദേശത്ത് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.




