നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ 103 വയസ്സുകാരി ഗംഗാഭായി സഖാരെയെ നാട്ടുകാർ ഇപ്പോൾ ‘ജീവിക്കുന്ന അത്ഭുതം’ എന്ന് വിശേഷിപ്പിക്കുന്നു. മരിച്ചെന്ന് കരുതി സംസ്കാരച്ചടങ്ങുകൾക്കായി ഒരുങ്ങിയിരുന്ന വേളയിൽ ജീവിതത്തിലേക്ക് തിരികെയെത്തിയതാണ് ഗംഗാഭായിയെ ചുറ്റിപ്പറ്റിയ അത്ഭുതസംഭവം.
തിങ്കളാഴ്ച വൈകുന്നേരം ഗംഗാഭായിയുടെ ശരീരചലനങ്ങൾ നിലച്ചതായി കുടുംബാംഗങ്ങൾ ശ്രദ്ധിച്ചതിനെ തുടർന്ന് മരണം സംഭവിച്ചുവെന്ന് കരുതുകയായിരുന്നു. തുടർന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിവരം അറിയിച്ച് അന്ത്യകർമ്മങ്ങൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങി. ചൊവ്വാഴ്ച രാവിലെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ചെറുമകൻ ഗംഗാഭായിയുടെ കാൽവിരലുകൾ ചെറുതായി അനങ്ങുന്നത് ശ്രദ്ധിച്ചു. ഉടൻ തന്നെ എല്ലാവരും അവരെ പരിശോധിച്ചപ്പോൾ ജീവന്റെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞു.
അപ്രതീക്ഷിതമായ ഈ സംഭവത്തിൽ ദുഃഖാന്തരീക്ഷം നിമിഷങ്ങൾക്കകം ആഹ്ലാദമായി മാറി. യാദൃച്ഛികമായി അന്നേ ദിവസം ഗംഗാഭായിയുടെ പിറന്നാൾ ദിനമായിരുന്നതിനാൽ, സംസ്കാരച്ചടങ്ങിന് പകരം കുടുംബാംഗങ്ങൾ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്തിരുന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും കേക്ക് വിതരണം ചെയ്തു.
വിലാപയാത്രയ്ക്ക് തയ്യാറായെത്തിയവർ സന്തോഷത്തോടെയാണ് മടങ്ങിയത്. മരണമെന്ന വാതിൽക്കൽ നിന്ന് തിരികെ വന്ന ഗംഗാഭായിയുടെ അനുഭവം നാഗ്പൂരിൽ കൗതുകവും അത്ഭുതവും നിറച്ച സംഭവമായി മാറിയിരിക്കുകയാണ്.














































