EducationKeralaLifeStyle

കേരളത്തിൽ പിഎം കുസും പദ്ധതിയിൽ വൻ അഴിമതി; 100 കോടി രൂപയുടെ ക്രമക്കേട് നടന്നതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കർഷകർക്ക് സൗരോർജ പമ്പുകൾ സ്ഥാപിക്കാൻ കേന്ദ്രം ഏർപ്പെടുത്തിയ പിഎം കുസും പദ്ധതി കേരളത്തിൽ വലിയ അഴിമതിയിലേക്ക് വഴിമാറിയതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ പദ്ധതിയുടെ മുഖാന്തിരം 240 കോടി രൂപയുടെ ഇടപാടിൽ ഏകദേശം 100 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ പദ്ധതി പ്രകാരം രണ്ടു കിലോവാട്ട് മുതൽ പത്ത് കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ പമ്പുകൾ കർഷകർക്ക് സൗജന്യമായി നൽകാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്തിലെ അനര്‍ട്ട് (ANERT) എന്ന ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന നടപടികൾ അഴിമതിയിലേക്ക് വഴിതിരിച്ചെന്നാണ് ചെന്നിത്തലയുടെ ആരോപണം.

അഞ്ച് കോടി രൂപ വരെയുള്ള ടെൻഡറുകൾക്ക് മാത്രം അനുമതിയുള്ള അനർട്ട് സിഇഒ, രേഖാമൂലമോ സർക്കാരിന്റെ അനുമതിയോ ഇല്ലാതെ 240 കോടി രൂപയുടെ വലിയ ടെൻഡർ വിളിച്ചതോടെ ക്രമക്കേടുകൾക്ക് തുടക്കമായി. മന്ത്രിയുടെ രഹസ്യ നിർദ്ദേശമില്ലാതെ ഒരു ഉദ്യോഗസ്ഥന് ഇങ്ങനെ വലിയ തീരുമാനം എടുക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

സൗരോർജ ഉപകരണങ്ങൾക്കായി കേന്ദ്രം നിശ്ചയിച്ച റേറ്റിനെ അപേക്ഷിച്ച് 60% മുതൽ 147% വരെ കൂടുതൽ നിരക്കിൽ കേരളത്തിൽ ടെൻഡർ നൽകി. ഇതിലൂടെ ഏകദേശം 100 കോടി രൂപയുടെ അധികവ്യയം വഹിക്കേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ സർക്കാർ അംഗീകരിക്കാത്ത, ഗ്രേഡിങ് ഇല്ലാത്ത ചില കമ്പനിയ്ക്ക് പോലും വലിയ തുക നൽകിയതായും ചെന്നിത്തല ചൂണ്ടിക്കാട്ടി.

പണമില്ലായ്മയുണ്ടായിരിക്കെ നബാർഡിൽ നിന്നു 175 കോടി രൂപ 5.25% പലിശയ്ക്ക് 7 വർഷത്തേക്കുള്ള വായ്പയായി എടുത്ത് ഈ ഇടപാടുകൾ നടത്തിയതും അതിലെ പ്രധാന സംശയങ്ങളിലൊന്നാണ്. സർക്കാരിന്റെ കൈയ്യിൽ പണമില്ലാത്ത സാഹചര്യം കണക്കിലെടുത്താൽ, വായ്പ വാങ്ങിയും അഴിമതി നടത്തും എന്ന രീതിയാണ് ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യമെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിക്ക് മന്ത്രി മൗനാനുമതി നൽകിയതിന്റെ തെളിവാണ് ഈ പദ്ധതി മുഴുവൻ നടപടികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ഭരണം അഴിമതിയിലേക്കാണ് തകർന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Show More

Related Articles

Back to top button