AmericaCrimeIndiaLatest NewsNews

യുഎസില്‍ പോലീസിന്റെ വെടിയേറ്റുമരിച്ച മുഹമ്മദ് നിസാമുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാ രിന്റെ സഹായം തേടി കുടുംബം

കലിഫോര്‍ണിയ : ശാന്തസ്വഭാവിയായിരുന്നു മുഹമ്മദ് നിസാമുദ്ദീന്‍, എന്തുകൊണ്ടാണ് പൊലിസ് മകനെ വെടിവെച്ചുകൊലപ്പെടുത്തിയത് എന്ന കാര്യം ഇന്നുവരെ വ്യക്തമല്ലെന്ന് പിതാവ് ഹസ്സനുദ്ദീന്‍. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനും സംഭവത്തില്‍ ഇന്ത്യയുടെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ടുകൊണ്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് നല്‍കിയ കത്തിലാണ് ഹസ്സനുദ്ദീന്‍ ഇതു സംബന്ധിച്ച ആശങ്കകള്‍ അറിയിച്ചത്.

സെപ്റ്റംബര്‍ 3ന് സാന്താക്ലാരയിലെ താമസ സ്ഥലത്താണ് നിസാമുദ്ദീനെ (32) പൊലീസ് വെടിവെച്ചുകൊലപ്പെടുത്തിയത്. മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാളെ കത്തിയേറ്റ് പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് അയല്‍വാസി പൊലീസിനെ വിളിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ്, കത്തിയുമായി ആക്രമണപരമായ പെരുമാറ്റം കാണിച്ചുവെന്നാരോപിച്ച് നാലുതവണ വെടിവച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് നിസാമുദ്ദീന്‍ മരിച്ചു.

സെപ്റ്റംബര്‍ 3നാണ് സംഭവം നടന്നത് എങ്കിലും, മകന്‍ വെടിവെച്ചുകൊല്ലപ്പെട്ടുവെന്നും മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലാണെന്നും വിവരം കിട്ടിയത് ഏതാനും ദിവസം മുമ്പാണെന്ന് ഹസ്സനുദ്ദീന്‍ പറയുന്നു. ചെറിയൊരു കാര്യം ചൊല്ലിയുള്ള വഴക്കിലൂടെയാണ് സംഭവം നടന്നതെന്നും മകനെ എന്തിനാണ് ഇങ്ങനെ കൊലപ്പെടുത്തിയത് എന്നു തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രാദേശിക അധികാരികളുമായും കുടുംബത്തോടും ബന്ധപ്പെടുന്നുണ്ടെന്നും യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

2016ല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് പഠിക്കാനായി ഹൈദരാബാദില്‍ നിന്ന് യുഎസിലെത്തിയ നിസാമുദ്ദീന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്തു. പ്രമോഷന്റെ ഭാഗമായി കലിഫോര്‍ണിയയിലേക്ക് താമസം മാറിയെങ്കിലും ആറുമാസം മുന്‍പ് ജോലി നഷ്ടപ്പെട്ടിരുന്നു.

ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം മരണത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് ലിങ്ക്ഡ്ഇനില്‍ കുറിപ്പ് എഴുതി. വംശീയാധിക്ഷേപത്തിനും ശമ്പളതട്ടിപ്പിനും ഇരയായെന്നും അന്യായമായ പിരിച്ചുവിടലിലൂടെ ദുരിതത്തിലായെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. വെള്ളക്കാരുടെ മേല്‍ക്കോയ്മ അവസാനിക്കണമെന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

സാന്താക്ലാരയില്‍ നടന്ന വെടിവയ്പ്പും, അതിന് പിന്നാലെയുള്ള കുടുംബത്തിന്റെ ആകുലമായ അഭ്യര്‍ത്ഥനയും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Show More

Related Articles

Back to top button