ഗ്രീൻലാൻഡിലേക്ക് പോയ യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷാ ജീവനക്കാരുടെ പരിശീലനക്കുറവിനെ തുടർന്ന് മധ്യവേളയിൽ തിരിച്ചിറക്കി

ന്യൂജഴ്സി : ഡെൻമാർക്കിന്റെ ഭരണത്തിലുള്ള ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നുക്ക് ലക്ഷ്യമിട്ട് പുറപ്പെട്ട യുണൈറ്റഡ് എയർലൈൻസ് വിമാനം യാത്രയുടെ പകുതിയിൽ തിരിച്ചിറക്കേണ്ടിവന്നു. നുക്ക് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർക്ക് അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാൻ ആവശ്യമായ മുഴുവൻ പരിശീലനം ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്നാണ് വിമാനം തിരികെ വിളിച്ചത്.
ന്യൂജഴ്സിയിൽ നിന്ന് പുറപ്പെട്ട യുഎ 80 എന്ന ബോയിങ് 737 മാക്സ് 8 വിമാനമാണ് കാനഡയുടെ മുകളിലൂടെ പറക്കുന്നതിനിടെ യു-ടേൺ എടുത്ത് തിരിച്ചിറങ്ങിയത്. ഓഗസ്റ്റ് 26-നാണ് ഏകദേശം നാല് മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കായി വിമാനം പുറപ്പെട്ടത്. എന്നാൽ ഏകദേശം രണ്ട് മണിക്കൂറോളം പറന്നതിന് ശേഷമാണ് തിരികെ വിളിച്ചത്.
നുക്ക് വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന് അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാനുള്ള അനുമതി ഡാനിഷ് വ്യോമയാന അതോറിറ്റി താൽക്കാലികമായി റദ്ദാക്കിയിരുന്നു. യാത്രക്കാരെ സുരക്ഷിതമായി സ്ക്രീൻ ചെയ്യാനുള്ള സൗകര്യം ഇല്ലാതിരുന്നതാണ് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തുന്നത് തടഞ്ഞത്. യാത്രികരുടെ മടക്കയാത്രക്കും സുരക്ഷിതമായ പരിശോധനകൾ നിർബന്ധമായതിനാൽ അടിയന്തരമായ നടപടി കൈക്കൊണ്ട് വിമാനം ന്യൂജഴ്സിയിൽ തിരിച്ചിറക്കുകയായിരുന്നു.




