
ന്യൂഡല്‍ഹി ∙ ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളില്‍ ഓട്ടിസം, എഡിഎച്ച്ഡി (Attention-Deficit/Hyperactivity Disorder) ഉള്‍പ്പെടെയുള്ള നാഡീവികാസ വൈകല്യങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. ചെറുതായെങ്കിലും തലവേദന, പനി മുതലായതിനായി ഡോക്ടറുടെ നിര്‍ദേശമില്ലാതെ തന്നെ പലരും സാധാരണയായി കഴിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍.
മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇക്വിറ്റി റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനറിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഗര്‍ഭകാലത്ത് അസെറ്റാമിനോഫെന്‍ (പാരസെറ്റമോള്‍) ഉപയോഗവും കുഞ്ഞുങ്ങളുടെ വികാസവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനായിരുന്നു പഠനം. 46 പഠനങ്ങള്‍ പരിശോധിച്ചപ്പോള്‍ 27 പഠനങ്ങളില്‍ ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ ഉപയോഗം കുഞ്ഞുങ്ങളിലെ ഓട്ടിസവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഒമ്പത് പഠനങ്ങളില്‍ ബന്ധം കണ്ടെത്താനായില്ലെന്നും നാല് പഠനങ്ങള്‍ക്ക് വിശ്വാസ്യത കുറവാണെന്നും സംഘം വ്യക്തമാക്കി. പഠനറിപ്പോര്‍ട്ട് എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ചു.
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ (ASD) കുട്ടികളുടെ സാമൂഹിക ഇടപഴകല്‍, ആശയവിനിമയം, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന വൈകല്യമാണ്. അതുപോലെ എഡിഎച്ച്ഡി (ADHD) കുട്ടികള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും സ്വയം നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാക്കും. എന്ഡിഡിഎസ് (NDDs) തലച്ചോറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ലോകമെമ്പാടുമുള്ള ഗര്‍ഭിണികളില്‍ പകുതിയിലേറെ പേര് അസെറ്റാമിനോഫെന്‍ (ക്രോസിൻ, ഡോളോ തുടങ്ങിയ ബ്രാൻഡുകളിൽ ലഭ്യമായ പാരസെറ്റമോള്‍) ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റു വേദനസംഹാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷിതമാണെന്ന് കരുതിയിരുന്ന പാരസെറ്റമോളിനെക്കുറിച്ചുള്ള മുന്‍ധാരണകളെ ചോദ്യം ചെയ്യുന്ന പഠനമാണിത്.
വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്:
- അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം പാരസെറ്റമോള്‍ ഉപയോഗിക്കുക.
- ആവശ്യമായ കുറഞ്ഞ ഡോസ് മാത്രം സ്വീകരിക്കുക.
- സ്വയചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.
ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ പൂര്‍ണമായും ഒഴിവാക്കണം എന്നല്ല, മറിച്ച് ജാഗ്രതയോടെ മാത്രം ഉപയോഗിക്കണമെന്നാണ് റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശം.





