AmericaLatest NewsNews

ട്രംപ് താങ്ക്സ്‌ ഗിവിങ് ടർക്കികൾക്ക് മാപ്പ് നൽകി; ഗോബിളും വാഡിളും ഇനി സ്വതന്ത്രജീവിതത്തിലേക്ക്

വാഷിങ്ടൺ : വൈറ്റ് ഹൗസിലെ പരമ്പരാഗത താങ്ക്സ്‌ ഗിവിങ് ചടങ്ങിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ വർഷത്തെ ഔദ്യോഗിക ടർക്കികളായ ഗോബിളിനും വാഡിളിനും ‘പാർഡൺ’ പ്രഖ്യാപിച്ചു. ചടങ്ങിന്റെ ഭാഗമായി അറവിൽ നിന്ന് മോചിതരായ ഇവ ഇനി നോർത്ത് കാരലൈന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പോൾട്രി വിഭാഗത്തിന്റെ സംരക്ഷണയിൽ ജീവിക്കാൻ പോകുന്നു.

റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ട്രംപിനൊപ്പം ഭാര്യ മെലനിയയും പങ്കെടുത്തു. നോർത്ത് കാരലൈനയിലെ വെയിൻ കൗണ്ടിയിലെ ട്രാവിസ്–അമാൻഡ പിറ്റ്മാൻ ദമ്പതികളുടെ ഫാമിൽ വളർന്ന ഈ ടർക്കികൾ ജൂലൈയിൽ ജനിച്ചതാണ്. ഗോബിളിന് 23.5 കിലോഗ്രാമും വാഡിളിന് 22.6 കിലോഗ്രാമുമാണ് ഭാരം. ഔദ്യോഗിക താങ്ക്സ്‌ഗിവിങ് ടർക്കികളെന്ന നിലയിൽ ഇവ അടുത്ത ദിവസങ്ങളിൽ വില്ലാഡ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലെ സ്യുട്ടിൽ ‘രാജകീയ’ വിരുന്നേറ്റിരുന്നു. മാധ്യമസമ്മേളനങ്ങളിലും ഇവയെ അവതരിപ്പിച്ചു.

ചടങ്ങിനിടെ ട്രംപ് തന്റെ രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ച് മുൻ പ്രസിഡന്റ് ജോ ബൈഡനെ, തുറന്ന വിമർശനത്തിന് വിധേയരാക്കിയെങ്കിലും ടർക്കികൾക്ക് ക്ഷമ പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം ‘വിശാലഹൃദയ’നായി. യുഎസ് മധ്യസ്ഥതയിൽ നടക്കുന്ന യുക്രെയ്ന്‍–റഷ്യ സമാധാനചർച്ചകൾ വിജയത്തിനരികെയാണെന്ന സൂചനയും അദ്ദേഹം നൽകി.

ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ ടർക്കി മാപ്പുനൽകൽ നടക്കുന്നത് യുഎസിൽ ടർക്കിവില കുതിച്ചുയരുന്ന കാലഘട്ടത്തിലാണ്. അമേരിക്കൻ ഫാം ബ്യൂറോ ഫെഡറേഷന്റെ കണക്കുകൾ പ്രകാരം പക്ഷിപ്പനി വ്യാപനത്തെ തുടർന്ന് രാജ്യത്തെ ടർക്കികളുടെ എണ്ണം 40 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ എത്തിച്ചേർന്നിട്ടുണ്ട്.

1940 മുതൽ പ്രസിഡന്റിന് ടർക്കി സമ്മാനിക്കുന്ന ചടങ്ങ് ഔദ്യോഗികമാണെങ്കിലും അവ സാധാരണയായി ഭക്ഷണമായിരുന്നു. 1989-ൽ പ്രസിഡന്റായിരുന്ന ജോർജ് എച്ച്. ഡബ്ല്യു. ബുഷ് ആദ്യമായി ടർക്കികൾക്ക് മാപ്പുനൽകി ‘പ്രസിഡൻഷ്യൽ ടർക്കി പാർഡൻ’ എന്ന പരമ്പരാഗത ചടങ്ങിന് തുടക്കം കുറിച്ചു. നാഷണൽ ടർക്കി ഫെഡറേഷനാണ് ഈ ചടങ്ങിനായി ടർക്കികളെ സമ്മാനിക്കുന്നത്. കോടിക്കണക്കിന് ഡോളർ വിനിമയമുള്ള അമേരിക്കൻ ടർക്കിവ്യവസായത്തിന്റെ ഒരു പ്രചാരണ തന്ത്രമായി ഇത് പിന്നീട് മാറി.

യുഎസ്, കാനഡ, സെന്റ് ലൂസിയ, ലൈബീരിയ, ജർമനി എന്നിവിടങ്ങളിൽ ആഘോഷിക്കുന്ന ദിനമാണ് താങ്ക്സ്‌ഗിവിങ്. യുഎസിൽ നവംബർ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് ഇത് ആചരിക്കുന്നത്. അവധി സീസണിന്റെ തുടക്കമെന്ന പ്രത്യേകതയും ദിനത്തിനുണ്ട്. സമൃദ്ധമായ അത്താഴമാണ് ആഘോഷത്തിന്റെ കേന്ദ്രം; പൊരിച്ച ടർക്കിയും ഉരുളക്കിഴങ്ങും പ്രധാന വിഭവങ്ങൾ. താങ്ക്സ്‌ഗിവിങ് സീസണിൽ മാത്രം നാല്–അര കോടി ടർക്കികൾ യുഎസിൽ അറക്കപ്പെടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Show More

Related Articles

Back to top button