അമേരിക്ക–ബംഗ്ലാദേശ് വ്യാപാര കരാർ പ്രാബല്യത്തിൽ; തീരുവ 19 ശതമാനമായി കുറച്ചു

ധാക്ക:അമേരിക്കയും ബംഗ്ലാദേശും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രാബല്യത്തിൽ വന്നു. ഇതോടെ ബംഗ്ലാദേശിൽ നിന്നുള്ള കയറ്റുമതിക്കുള്ള അമേരിക്കയുടെ പകരം തീരുവ 19 ശതമാനമായി കുറച്ചു. അമേരിക്കയിൽ നിർമ്മിച്ച സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചില തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും നികുതി രഹിതമായി അമേരിക്കൻ വിപണിയിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ബംഗ്ലാദേശ് കയറ്റുമതികൾക്ക് 37 ശതമാനം വരെ തീരുവ ഏർപ്പെടുത്താൻ അമേരിക്ക നിർദേശിച്ചിരുന്നെങ്കിലും, പിന്നീട് ഓഗസ്റ്റിൽ ഇത് 20 ശതമാനമായി കുറച്ചിരുന്നു. പുതിയ കരാർ നിലവിൽ വന്നതോടെ തീരുവ വീണ്ടും കുറയുകയാണ്.
വ്യാഴാഴ്ച ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കരാർ യാഥാർത്ഥ്യമായത്. ആഗോള തുണി വിതരണ ശൃംഖലയിൽ ബംഗ്ലാദേശിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സംരക്ഷിക്കാനും ഈ കരാർ സഹായകരമാകുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വ്യക്തമാക്കി.




